Total Pageviews

Wednesday, May 26, 2021

 അഡ്മിനി

..................

ഉച്ചമയക്കത്തിനായ് കിടക്കാനൊരുങ്ങുമ്പോഴാണ് മുഖപുസ്തകത്തിലെ ഗ്രൂപ്പിൽ ഒരുപാട് രചനകൾ പുതിയതായി വന്ന് കിടക്കുന്നത് കണ്ടത്. ഒന്നിനൊന്ന് മികച്ച രചനകൾ. കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ വിസ്മയം തീർക്കുന്ന ലോകം . 

വായിച്ച് അഭിപ്രായം എഴുതുന്നത് രസകരമാണ്. 


വിശദമായ അഭിപ്രായക്കുറിപ്പുകൾ എഴുതുന്നതും വായിക്കാൻ രസമാണ്. വായിച്ച് വായിച്ച് ആ ലോകത്തിൽ മുഴുകി ഇരിക്കുമ്പോൾ ഇടയ്ക്ക് മക്കൾ വന്ന് ഓരോന്ന് ആവശ്യപ്പെടും അതൊക്കെ തല കുലുക്കി സമ്മതിക്കും. രണ്ടാളും വഴക്കിട്ടാണ് എത്തുന്നതെങ്കിൽ അവരിലും ഒച്ചത്തിൽ രണ്ട് വഴക്ക് പറയും. മിണ്ടാതെ പതുങ്ങി രണ്ടും പോക്കോളും.

 മോൻ ടീവീ ലെ കാർട്ടൂൺ കണ്ടോളും, മോൾക്ക് ടാബും കൊടുക്കും.. ഇടയ്ക്ക് മാറി വേണം ന്ന് തോന്നുമ്പോഴാണ് വഴക്ക്. കളിപ്പാട്ടങ്ങൾ എല്ലാം ഭദ്രമായി അലമാരയിൽ വെച്ചിട്ടുണ്ട്. അത് കൊണ്ട് അതെടുത്ത് നിരത്തി വീട് അലങ്കോലമാക്കില്ല . 


വീണ്ടും സ്വസ്ഥ വായനയിലേയ്ക്ക്..  ശ്ശോ 'ബാറ്ററി തീർന്നു. ഫോൺ ഓഫായി,. ഫോൺ കുത്തിയിട്ടിട്ട് മക്കളുടെ  അടുത്തേയ്ക്ക് ചെന്നു. 

മോനവിടെ ടീവിടെ മുന്നിൽ ലയിച്ചിരിപ്പുണ്ട്, മോളെവിടെ?? 


"മോനെ കുഞ്ഞെവിടെ ?" "അത് ഉമ്മീ അവളെ പണ്ടിവിടെ പണിക്ക് വന്ന മാമൻ കടയീ കൊണ്ട് പോട്ടെ ചോയിച്ച് വന്ന്, ഉമ്മിയല്ലേ പോക്കൊന്ന് പറഞ്ഞേ "


"മാമനോ ഏത് മാമൻ " 

"Blue shirt ഇട്ട മാമൻ"


തലപെരുക്കുന്നു .. ഈ ചെക്കനെന്താ ഈ പറയുന്നേ . "മോനേ എപ്പഴാ പോയെ " , "one സൂചി four ലും one സൂചി Sixലും. "


എന്താ ചെയ്യേണ്ടത് എന്നറിയില്ല ബുദ്ധി മരവിച്ചു കൈയ്യും കാലും അനങ്ങുന്നില്ല 

പടച്ചോനെ എന്റെ കുഞ്ഞ്.. കണ്ണിലിരുട്ട് കയറുന്നു.                                                 പെട്ടെന്ന് കണ്ണിനിട്ട് അമിട്ട് പൊട്ടും പോലെ ഒരു വേദന, ഒപ്പം ഒരു കിലുക്കവും . ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നത് കണ്ട് കൊച്ച് കാന്താരി കണ്ണിനിട്ട് ഒന്ന് പൊട്ടിച്ചിട്ട് ഓടീതാ. 

ചാടി എണീറ്റു എന്നിട്ട് ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു. കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അവളെന്നെ ചെരിഞ്ഞ് നോക്കി എന്നിട്ട് കണ്ണീര് തുടച്ച് ഉമ്മ തന്നു. പിന്നെ ഞങ്ങളുമ്മീം മക്കളും കളിക്കാനായ് മുറ്റത്തേയ്ക്ക് ഓടി.

No comments:

Post a Comment