Total Pageviews

Wednesday, May 26, 2021

 ബഹുമാനപ്പെട്ടവരെ അധ്യാപകരെ


ക്ലാസ്സിൽ ഏറ്റവും പിന്നിലെ ഡസ്കിൽ തല കുനിച്ചു കിടക്കുന്നവളുടെ കണ്ണ് കലങ്ങിയത് പ്രേമനൈരാശ്യത്താലല്ല. ഇന്നലെയും വീട്ടിൽ പട്ടിണിയായിരുന്നു അതോർത്താണ്.


ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ മറ്റൊരുവൾ പുറത്തേയ്ക്ക് നോക്കി ഇരുന്നത് കാമുകനെയല്ല വഴിയിൽ ശല്യം ചെയ്യുന്നവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഓർത്താണ്.


പാതി വഴിയിൽ എത്തിയ കണക്ക് തെറ്റിച്ചതവൾ സ്വപ്നം കണ്ടിട്ടല്ല അമ്മയെ തല്ലുന്ന അച്ഛനെ ഓർത്താണ്.


ഉറക്കം തൂങ്ങിയിരുന്നവളോട് ചോദ്യം ചോദിച്ച് ചൂരൽക്കഷായം കൊടുത്തില്ലേ? അവളുറങ്ങാത്തത് ഉറക്കത്തിൽ അവളിൽ ഇഴയുന്ന കൈകൾ ഭയന്നാണ്. 


ബഹുമാനപ്പെട്ടവരെ അധ്യാപകരെ നിങ്ങളറിയാത്ത കഥകൾ അവൾക്കുണ്ട്.

 തിരിച്ചറിവുണ്ടാവുന്നിടം


നിസ്സഹായതയുടെ പുതപ്പണിഞ്ഞ  നിമിഷം


ആശുപത്രിയിലെ വേദന ഉറങ്ങുന്ന വരാന്തയിലെ

ഭ്രാന്ത് പിടിക്കുന്ന ഒറ്റപ്പെടൽ


എനിക്ക് ഞാനേ കൂട്ടുള്ളു എന്ന തിരിച്ചറിവിന്റെ  വേദന


അനാരോഗ്യം തകർക്കുന്ന ആത്മവിശ്വാസം


അഹന്തയുടെ സൗന്ദര്യത്തിന്റെ  ബന്ധുബലത്തിന്റെ ധൈര്യം ചോർന്നൊലിക്കുന്ന വേളകൾ


ഒടുവിൽ കുഴപ്പമില്ല  എന്ന വാക്കിന് കാതോർക്കുന്ന ഹൃദയം കേൾക്കാനാഗ്രഹിക്കാത്തതത് കേൾക്കുമ്പോൾ  മാത്രമാണ്

മുന്നോട്ടുള്ള വഴികൾ എത്ര നമ്മെ കൊതിപ്പിച്ചിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. 


ഒരിക്കലും ഇല്ലാത്ത വിധം പലതും പ്രിയപ്പെട്ടത് എന്നറിയുന്നത്


വേദനിപ്പിച്ച പലരേയും കാണണം എന്നാശിക്കുന്നത്


മറന്നുവെന്ന് കരുതിയ പലതും ആഗ്രഹങ്ങളായി മുളപൊട്ടുന്നത്


ഒരല്പം കൂടി കൂടുതൽ നമ്മെ നാം സ്നേഹിക്കുന്നത്


അതേ ആശുപത്രിയിലെ മരുന്നു മണം നിറഞ്ഞ വരാന്തയാണ് പല തിരിച്ചറിവുകളും ഉണ്ടാക്കുന്നത് ‘

നീ

നീയെന്ന ഒറ്റ മരത്തണലിൽ മാത്രമാണെനിക്ക് 

വേവലാതികൾ ചൊരിയാനിത്തിരി തണൽ.


നീയെന്ന നക്ഷത്രത്തിലാണ്

ഞാനെന്റെ ദിക്കും ഭാഗ്യവുമറിയുന്നത്


നീയെന്ന ചിന്തയാണെന്റെ ജീവനിൽ ഊർജ്ജവും ലഹരിയും പകർന്നത്..


നീയാണ് എന്നിലെ പാതി 

നീ പിന്തിരിഞ്ഞാൽ മറു പാതിയും 

നിർജജീവം.. 

 പനി കുളിരിൽ ..


പനിക്കുളിരിൽ കൊതിക്കുന്നത് അമ്മയുണ്ടാക്കിയ ചൂട് കാപ്പിയാണ്


പുതച്ച് മൂടി കിടക്കുമ്പോൾ ഇടയ്ക്ക് വന്ന് ചൂട് നോക്കുന്ന കൈകളുടെ തണുപ്പാണ്


ഒരു ഗുളികയിൽ പനി പമ്പ കടക്കുന്ന അമ്മ മരുന്നിന്റെ അത്ഭുതമാണ്


അമ്മ മരുന്നിൽ മാറാത്ത പനിയിൽ കിട്ടുന്ന സൂചി കുത്തും ആ വേദനയിലും അമ്മ തരുന്ന തലോടലാണ്


രാവിൽ പനി വിട്ട് മാറി വിയർക്കുമ്പോൾ ആശ്വസിക്കുന്ന അമ്മ മുഖമാണ്


ഒരോ പനിച്ചൂടിലും കൊതിക്കുന്നത് അമ്മയ്ക്കരികിൽ എത്താൻ മാത്രമാണ്.

 അഡ്മിനി

..................

ഉച്ചമയക്കത്തിനായ് കിടക്കാനൊരുങ്ങുമ്പോഴാണ് മുഖപുസ്തകത്തിലെ ഗ്രൂപ്പിൽ ഒരുപാട് രചനകൾ പുതിയതായി വന്ന് കിടക്കുന്നത് കണ്ടത്. ഒന്നിനൊന്ന് മികച്ച രചനകൾ. കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ വിസ്മയം തീർക്കുന്ന ലോകം . 

വായിച്ച് അഭിപ്രായം എഴുതുന്നത് രസകരമാണ്. 


വിശദമായ അഭിപ്രായക്കുറിപ്പുകൾ എഴുതുന്നതും വായിക്കാൻ രസമാണ്. വായിച്ച് വായിച്ച് ആ ലോകത്തിൽ മുഴുകി ഇരിക്കുമ്പോൾ ഇടയ്ക്ക് മക്കൾ വന്ന് ഓരോന്ന് ആവശ്യപ്പെടും അതൊക്കെ തല കുലുക്കി സമ്മതിക്കും. രണ്ടാളും വഴക്കിട്ടാണ് എത്തുന്നതെങ്കിൽ അവരിലും ഒച്ചത്തിൽ രണ്ട് വഴക്ക് പറയും. മിണ്ടാതെ പതുങ്ങി രണ്ടും പോക്കോളും.

 മോൻ ടീവീ ലെ കാർട്ടൂൺ കണ്ടോളും, മോൾക്ക് ടാബും കൊടുക്കും.. ഇടയ്ക്ക് മാറി വേണം ന്ന് തോന്നുമ്പോഴാണ് വഴക്ക്. കളിപ്പാട്ടങ്ങൾ എല്ലാം ഭദ്രമായി അലമാരയിൽ വെച്ചിട്ടുണ്ട്. അത് കൊണ്ട് അതെടുത്ത് നിരത്തി വീട് അലങ്കോലമാക്കില്ല . 


വീണ്ടും സ്വസ്ഥ വായനയിലേയ്ക്ക്..  ശ്ശോ 'ബാറ്ററി തീർന്നു. ഫോൺ ഓഫായി,. ഫോൺ കുത്തിയിട്ടിട്ട് മക്കളുടെ  അടുത്തേയ്ക്ക് ചെന്നു. 

മോനവിടെ ടീവിടെ മുന്നിൽ ലയിച്ചിരിപ്പുണ്ട്, മോളെവിടെ?? 


"മോനെ കുഞ്ഞെവിടെ ?" "അത് ഉമ്മീ അവളെ പണ്ടിവിടെ പണിക്ക് വന്ന മാമൻ കടയീ കൊണ്ട് പോട്ടെ ചോയിച്ച് വന്ന്, ഉമ്മിയല്ലേ പോക്കൊന്ന് പറഞ്ഞേ "


"മാമനോ ഏത് മാമൻ " 

"Blue shirt ഇട്ട മാമൻ"


തലപെരുക്കുന്നു .. ഈ ചെക്കനെന്താ ഈ പറയുന്നേ . "മോനേ എപ്പഴാ പോയെ " , "one സൂചി four ലും one സൂചി Sixലും. "


എന്താ ചെയ്യേണ്ടത് എന്നറിയില്ല ബുദ്ധി മരവിച്ചു കൈയ്യും കാലും അനങ്ങുന്നില്ല 

പടച്ചോനെ എന്റെ കുഞ്ഞ്.. കണ്ണിലിരുട്ട് കയറുന്നു.                                                 പെട്ടെന്ന് കണ്ണിനിട്ട് അമിട്ട് പൊട്ടും പോലെ ഒരു വേദന, ഒപ്പം ഒരു കിലുക്കവും . ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നത് കണ്ട് കൊച്ച് കാന്താരി കണ്ണിനിട്ട് ഒന്ന് പൊട്ടിച്ചിട്ട് ഓടീതാ. 

ചാടി എണീറ്റു എന്നിട്ട് ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു. കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അവളെന്നെ ചെരിഞ്ഞ് നോക്കി എന്നിട്ട് കണ്ണീര് തുടച്ച് ഉമ്മ തന്നു. പിന്നെ ഞങ്ങളുമ്മീം മക്കളും കളിക്കാനായ് മുറ്റത്തേയ്ക്ക് ഓടി.

 എത്ര വിദഗ്ദമായാണ് നിഷ്കളങ്കരെ നിങ്ങളെ കപടതയുടെ വാക്ചാതുരിയിൽ പെടുത്തിയിരിക്കുന്നത്.


എല്ലാ സത്യവും വെളിപ്പെടുന്ന ഒരു ദിവസമുണ്ടെന്ന് വിശ്വസിച്ചില്ലായിരുന്നു എങ്കിൽ ഞാനെത്ര തകർന്ന് പോകുമായിരുന്നു.

 പ്രതീക്ഷിക്കുന്നത്..

ഓരോ അടിയിലും

തളർന്നു

വീണു

തോറ്റു പോയി


എന്നാൽ യഥാർത്ഥത്തിൽ

ഓരോ അടിയിലും

ഉണർന്നു

എഴുന്നേറ്റു

കുതിക്കാനായി..