Total Pageviews

Wednesday, May 26, 2021

'കണ്ണു വേണമിരുപുറമെപ്പോഴും

 കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും

ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ്'


കടമ്മനിട്ട കവിതയിലെ  വരികളിന്ന് മനസ്സുറപ്പിച്ച് വായിക്കേണ്ടത് അമ്മമാരാണ്.

ആണ്‍കുട്ടികളുടെ എന്നോ പെണ്‍കുട്ടികളുടെ എന്നോ വ്യത്യാസമില്ലാതെ ഓരോ അമ്മമാരും മനസ്സുറപ്പിച്ച് വായിക്കേണ്ട വരികള്‍. കാരണം ഇന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അത്രത്തോളമുണ്ട്. മക്കളുടെ മനസ്സിലെ ആധിയും വ്യാധിയും തിരിച്ചറിയാന്‍ ആദ്യം കഴിയേണ്ടത് അമ്മമാര്‍ക്കാണ്. അല്ലെങ്കില്‍ വിശ്വസ്തതയോടെ മനസ്സ് പങ്ക് വെയ്ക്കുവാന്‍ കഴിയേണ്ട ഒരു രക്ഷകര്‍ത്താവ് ഉണ്ടാവണം.


കുഞ്ഞുങ്ങളെ മാനസികമായോ ശാരീരികമായോ ദുരുപയോഗം ചെയ്യപ്പെടുന്നത് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണം. മുതിര്‍ന്ന ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വരുന്ന അപമാനം അത് അപമാനമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കേണ്ടത് ഓരോ രക്ഷകര്‍ത്താവിന്റെയും കടമകളില്‍ പെട്ടതാണ്. ഇത് എഴുതുമ്പോള്‍ ഓര്‍മ്മവരുന്നത് തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് മാതാപിതാക്കളോട് പറയാന്‍ കഴിയാതെ വിങ്ങിപ്പൊട്ടി വലിയ മാനസിക വ്യഥയോടെ വന്ന ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെയാണ്.


വര്‍ഷങ്ങള്‍ക്ക് മുന്നേ വീട്ടിലുള്ള ഒരാളില്‍ നിന്ന് നേരിട്ട അപമാനം അതൊരു അപമാനമാണെന്ന് തിരിച്ചറിയാന്‍ അവള്‍ക്ക് ഒരുപാട് കൊല്ലങ്ങള്‍ വേണ്ടി വന്നു. ആ തിരിച്ചറിവ് ആ പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്ത് കളഞ്ഞു. അവളുടെ സ്വഭാവത്തിലെ വ്യത്യാസം ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ഗൗരവതരമായ പ്രശ്‌നങ്ങളിലേയ്ക്ക് എത്തി. അവളിലെ മാറ്റം മനസ്സിലാക്കി തുടങ്ങിയപ്പോഴേയ്ക്കും വൈകി പോയിരുന്നു. മനശാസ്ത്ര ചികിത്സയ്ക്ക് ശേഷം വന്ന ആ കുട്ടി അതുവരേയും ഉള്ളിലെ യഥാര്‍ത്ഥ വിഷമം ആരോടും പറഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ഒരു സെഷന് ശേഷമാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനത്തെ കുറിച്ച് തുറന്നുപറയാന്‍ അവള്‍ തയ്യാറായത്.


ചെറിയ പ്രായത്തില്‍ മുത്തശ്ശന്‍ മടിയിലിരുത്തി രഹസ്യഭാഗങ്ങളില്‍ സ്പര്‍ശ്ശിക്കുമായിരുന്നു. ഒന്നുമറിയാത്ത പ്രായമായതിനാല്‍ ആരും ഇതറിഞ്ഞിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ഇത്തരം കാര്യങ്ങളെ പറ്റി കേട്ടറിഞ്ഞപ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മയിലെത്തി. അന്ന് താന്‍ നേരിടേണ്ടി വന്നത് വലിയ തെറ്റായ ഒരു കാര്യമാണെന്ന് മനസ്സില്‍ തോന്നി. അതോടെ ആകെ തകര്‍ന്നു പോയി. അവളെ വേദനിപ്പിച്ച വ്യക്തി പക്ഷേ അവള്‍ക്ക് തിരിച്ചറിവായപ്പോഴേക്കും പരലോകത്ത് എത്തിയിരുന്നു. പക്ഷേ തനിക്ക് നേരിടേണ്ടി വന്നതിന്റെ വേദന അവളിലാഴത്തില്‍ പതിഞ്ഞിരുന്നു. ആകെ മാനസികമായി തളര്‍ന്നിരുന്ന അവളെ ഏറെ നേരം സംസാരിച്ച് മനസിന് ധൈര്യം നല്‍കി ചേര്‍ത്തു പിടിച്ചു.


കൃത്യമായ കൗണ്‍സിലിങ്ങും ഒപ്പം മുടക്കാതെ ചികിത്സയും കാരണം ആ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ച് വന്ന് മിടുക്കിയായി ഇരിക്കുന്നു. അവളൊരു വലിയ പാഠമായിരുന്നു. വിശ്വസിച്ച് മക്കളെ മറ്റൊരാളെ ഏല്‍പ്പിക്കുമ്പോള്‍, അതിനി സ്വന്തം കുടുംബാംഗമായാലും ശ്രദ്ധയുണ്ടാവണം എന്ന പാഠം. മുന്നിലെത്തുന്ന കുഞ്ഞുങ്ങളുടെ ഉള്ളിലെ നോവിന് കാരണം അപമാനിക്കപ്പെട്ടതിന്റെ മുറിവുണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് കേള്‍ക്കാനിരിക്കുന്നത്. കാരണം ഞാനുമൊരു അമ്മയാണല്ലോ.


ചിലപ്പോഴെല്ലാം മുഖമറിയാത്ത ഒരു പത്ത് വയസ്സുകാരി ഓര്‍മ്മയിലേയ്ക്ക് പാഞ്ഞടുക്കാറുണ്ട്.

സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന സ്വന്തം വീട്ടില്‍ ഏറെ സുരക്ഷിതമായി കാത്ത് വെയ്‌ക്കേണ്ട കൈകള്‍ അവളെ ഞെരിച്ചുടച്ചത് ഓര്‍ത്ത് കണ്ണ് നീറാറുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ കാലങ്ങളോളും അവളനുഭവിച്ച മരവിപ്പ് ഹൃദയത്തില്‍ അറിയാറുണ്ട്. ഒടുക്കം വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് നേരിട്ട അപമാനം തിരിച്ചറിഞ്ഞ അവളുടെ വേദന ഓര്‍ത്ത് ഉള്ള് പിടച്ച് പോകാറുണ്ട്. വര്‍ത്തമാനത്തിനിടയില്‍ ആര്‍ത്തലച്ച് പെയ്ത മഴ പോലെ അവള്‍ നിലവിളിച്ച് കരഞ്ഞതും ഒടുക്കം ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ച് നെറുകയില്‍ സ്‌നേഹമുദ്രണം തന്നതും മറവിലേയ്ക്ക് മാഞ്ഞ് പോകാതെ കാത്ത് വെച്ചിട്ടുണ്ട്.


കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട പാഠങ്ങളില്‍ Good Touch and Bad Touch നിര്‍ബന്ധമായും ഉണ്ടായിരിക്കട്ടെ.  കെ ജി തലം തൊട്ട് തന്നെ Good & Bad Touch പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. സ്ക്കൂളുകളിലെ കൗൺസിലിംഗിൻ്റെ ഗൗരവം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ശരിയും തെറ്റും അറിഞ്ഞും തിരുത്തിയും ജീവിതത്തിത്തെ ആത്മവിശ്വാസത്തോടെ നേരിടാനുറച്ച കുഞ്ഞുങ്ങളുണ്ട്. 


ശരിയല്ലാത്ത നോട്ടം തന്നിലേയ്ക്ക് പാറി വീഴുമ്പോൾ തിരിച്ചൊരു താക്കീതിൻ്റെ കൂർത്തനോട്ടമെറിയാൻ അവരുടെ ഉള്ളിലൊരു അഗ്നിയുണ്ടാവണം. ആണായാലും പെണ്ണായാലും നല്ലതല്ലാത്തൊരു സ്പർശം തിരിച്ചറിയാൻ അവർക്ക് കഴിയണം. അതിനെ തടയാൻ അവരുടെ കൈകൾക്ക് കരുത്തുണ്ടാവണം. 

ഓരോ മൗനവും വെറി കെട്ട മൃഗങ്ങൾക്ക് അവസരങ്ങളാണെന്ന്  നമ്മുടെ കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കണം. ഇരയാവാനെൻ്റെ കുഞ്ഞിനെ വിട്ട് കൊടുക്കില്ലെന്ന ദൃഢനിശ്ചയം രക്ഷിതാവിൻ്റെ ഉള്ളിലുണ്ടാവണം. 


നമ്മുടെ കുട്ടികൾ നല്ലതും ചീത്തയും അറിഞ്ഞ് തന്നെ വളരട്ടെ. പ്രതികരിക്കേണ്ട ഇടങ്ങളില്‍ മൗനത്തിന്റെ കനത്ത മുഖംമൂടി അവരിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കാതിരിക്കട്ടെ. 


 

🖋️ഷബാന നൂറുദ്ദീൻ

Shabana Nurudeen 

No comments:

Post a Comment