Total Pageviews

Wednesday, May 26, 2021

 ബഹുമാനപ്പെട്ടവരെ അധ്യാപകരെ


ക്ലാസ്സിൽ ഏറ്റവും പിന്നിലെ ഡസ്കിൽ തല കുനിച്ചു കിടക്കുന്നവളുടെ കണ്ണ് കലങ്ങിയത് പ്രേമനൈരാശ്യത്താലല്ല. ഇന്നലെയും വീട്ടിൽ പട്ടിണിയായിരുന്നു അതോർത്താണ്.


ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ മറ്റൊരുവൾ പുറത്തേയ്ക്ക് നോക്കി ഇരുന്നത് കാമുകനെയല്ല വഴിയിൽ ശല്യം ചെയ്യുന്നവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഓർത്താണ്.


പാതി വഴിയിൽ എത്തിയ കണക്ക് തെറ്റിച്ചതവൾ സ്വപ്നം കണ്ടിട്ടല്ല അമ്മയെ തല്ലുന്ന അച്ഛനെ ഓർത്താണ്.


ഉറക്കം തൂങ്ങിയിരുന്നവളോട് ചോദ്യം ചോദിച്ച് ചൂരൽക്കഷായം കൊടുത്തില്ലേ? അവളുറങ്ങാത്തത് ഉറക്കത്തിൽ അവളിൽ ഇഴയുന്ന കൈകൾ ഭയന്നാണ്. 


ബഹുമാനപ്പെട്ടവരെ അധ്യാപകരെ നിങ്ങളറിയാത്ത കഥകൾ അവൾക്കുണ്ട്.

 തിരിച്ചറിവുണ്ടാവുന്നിടം


നിസ്സഹായതയുടെ പുതപ്പണിഞ്ഞ  നിമിഷം


ആശുപത്രിയിലെ വേദന ഉറങ്ങുന്ന വരാന്തയിലെ

ഭ്രാന്ത് പിടിക്കുന്ന ഒറ്റപ്പെടൽ


എനിക്ക് ഞാനേ കൂട്ടുള്ളു എന്ന തിരിച്ചറിവിന്റെ  വേദന


അനാരോഗ്യം തകർക്കുന്ന ആത്മവിശ്വാസം


അഹന്തയുടെ സൗന്ദര്യത്തിന്റെ  ബന്ധുബലത്തിന്റെ ധൈര്യം ചോർന്നൊലിക്കുന്ന വേളകൾ


ഒടുവിൽ കുഴപ്പമില്ല  എന്ന വാക്കിന് കാതോർക്കുന്ന ഹൃദയം കേൾക്കാനാഗ്രഹിക്കാത്തതത് കേൾക്കുമ്പോൾ  മാത്രമാണ്

മുന്നോട്ടുള്ള വഴികൾ എത്ര നമ്മെ കൊതിപ്പിച്ചിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. 


ഒരിക്കലും ഇല്ലാത്ത വിധം പലതും പ്രിയപ്പെട്ടത് എന്നറിയുന്നത്


വേദനിപ്പിച്ച പലരേയും കാണണം എന്നാശിക്കുന്നത്


മറന്നുവെന്ന് കരുതിയ പലതും ആഗ്രഹങ്ങളായി മുളപൊട്ടുന്നത്


ഒരല്പം കൂടി കൂടുതൽ നമ്മെ നാം സ്നേഹിക്കുന്നത്


അതേ ആശുപത്രിയിലെ മരുന്നു മണം നിറഞ്ഞ വരാന്തയാണ് പല തിരിച്ചറിവുകളും ഉണ്ടാക്കുന്നത് ‘

നീ

നീയെന്ന ഒറ്റ മരത്തണലിൽ മാത്രമാണെനിക്ക് 

വേവലാതികൾ ചൊരിയാനിത്തിരി തണൽ.


നീയെന്ന നക്ഷത്രത്തിലാണ്

ഞാനെന്റെ ദിക്കും ഭാഗ്യവുമറിയുന്നത്


നീയെന്ന ചിന്തയാണെന്റെ ജീവനിൽ ഊർജ്ജവും ലഹരിയും പകർന്നത്..


നീയാണ് എന്നിലെ പാതി 

നീ പിന്തിരിഞ്ഞാൽ മറു പാതിയും 

നിർജജീവം.. 

 പനി കുളിരിൽ ..


പനിക്കുളിരിൽ കൊതിക്കുന്നത് അമ്മയുണ്ടാക്കിയ ചൂട് കാപ്പിയാണ്


പുതച്ച് മൂടി കിടക്കുമ്പോൾ ഇടയ്ക്ക് വന്ന് ചൂട് നോക്കുന്ന കൈകളുടെ തണുപ്പാണ്


ഒരു ഗുളികയിൽ പനി പമ്പ കടക്കുന്ന അമ്മ മരുന്നിന്റെ അത്ഭുതമാണ്


അമ്മ മരുന്നിൽ മാറാത്ത പനിയിൽ കിട്ടുന്ന സൂചി കുത്തും ആ വേദനയിലും അമ്മ തരുന്ന തലോടലാണ്


രാവിൽ പനി വിട്ട് മാറി വിയർക്കുമ്പോൾ ആശ്വസിക്കുന്ന അമ്മ മുഖമാണ്


ഒരോ പനിച്ചൂടിലും കൊതിക്കുന്നത് അമ്മയ്ക്കരികിൽ എത്താൻ മാത്രമാണ്.

 അഡ്മിനി

..................

ഉച്ചമയക്കത്തിനായ് കിടക്കാനൊരുങ്ങുമ്പോഴാണ് മുഖപുസ്തകത്തിലെ ഗ്രൂപ്പിൽ ഒരുപാട് രചനകൾ പുതിയതായി വന്ന് കിടക്കുന്നത് കണ്ടത്. ഒന്നിനൊന്ന് മികച്ച രചനകൾ. കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ വിസ്മയം തീർക്കുന്ന ലോകം . 

വായിച്ച് അഭിപ്രായം എഴുതുന്നത് രസകരമാണ്. 


വിശദമായ അഭിപ്രായക്കുറിപ്പുകൾ എഴുതുന്നതും വായിക്കാൻ രസമാണ്. വായിച്ച് വായിച്ച് ആ ലോകത്തിൽ മുഴുകി ഇരിക്കുമ്പോൾ ഇടയ്ക്ക് മക്കൾ വന്ന് ഓരോന്ന് ആവശ്യപ്പെടും അതൊക്കെ തല കുലുക്കി സമ്മതിക്കും. രണ്ടാളും വഴക്കിട്ടാണ് എത്തുന്നതെങ്കിൽ അവരിലും ഒച്ചത്തിൽ രണ്ട് വഴക്ക് പറയും. മിണ്ടാതെ പതുങ്ങി രണ്ടും പോക്കോളും.

 മോൻ ടീവീ ലെ കാർട്ടൂൺ കണ്ടോളും, മോൾക്ക് ടാബും കൊടുക്കും.. ഇടയ്ക്ക് മാറി വേണം ന്ന് തോന്നുമ്പോഴാണ് വഴക്ക്. കളിപ്പാട്ടങ്ങൾ എല്ലാം ഭദ്രമായി അലമാരയിൽ വെച്ചിട്ടുണ്ട്. അത് കൊണ്ട് അതെടുത്ത് നിരത്തി വീട് അലങ്കോലമാക്കില്ല . 


വീണ്ടും സ്വസ്ഥ വായനയിലേയ്ക്ക്..  ശ്ശോ 'ബാറ്ററി തീർന്നു. ഫോൺ ഓഫായി,. ഫോൺ കുത്തിയിട്ടിട്ട് മക്കളുടെ  അടുത്തേയ്ക്ക് ചെന്നു. 

മോനവിടെ ടീവിടെ മുന്നിൽ ലയിച്ചിരിപ്പുണ്ട്, മോളെവിടെ?? 


"മോനെ കുഞ്ഞെവിടെ ?" "അത് ഉമ്മീ അവളെ പണ്ടിവിടെ പണിക്ക് വന്ന മാമൻ കടയീ കൊണ്ട് പോട്ടെ ചോയിച്ച് വന്ന്, ഉമ്മിയല്ലേ പോക്കൊന്ന് പറഞ്ഞേ "


"മാമനോ ഏത് മാമൻ " 

"Blue shirt ഇട്ട മാമൻ"


തലപെരുക്കുന്നു .. ഈ ചെക്കനെന്താ ഈ പറയുന്നേ . "മോനേ എപ്പഴാ പോയെ " , "one സൂചി four ലും one സൂചി Sixലും. "


എന്താ ചെയ്യേണ്ടത് എന്നറിയില്ല ബുദ്ധി മരവിച്ചു കൈയ്യും കാലും അനങ്ങുന്നില്ല 

പടച്ചോനെ എന്റെ കുഞ്ഞ്.. കണ്ണിലിരുട്ട് കയറുന്നു.                                                 പെട്ടെന്ന് കണ്ണിനിട്ട് അമിട്ട് പൊട്ടും പോലെ ഒരു വേദന, ഒപ്പം ഒരു കിലുക്കവും . ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നത് കണ്ട് കൊച്ച് കാന്താരി കണ്ണിനിട്ട് ഒന്ന് പൊട്ടിച്ചിട്ട് ഓടീതാ. 

ചാടി എണീറ്റു എന്നിട്ട് ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു. കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അവളെന്നെ ചെരിഞ്ഞ് നോക്കി എന്നിട്ട് കണ്ണീര് തുടച്ച് ഉമ്മ തന്നു. പിന്നെ ഞങ്ങളുമ്മീം മക്കളും കളിക്കാനായ് മുറ്റത്തേയ്ക്ക് ഓടി.

 എത്ര വിദഗ്ദമായാണ് നിഷ്കളങ്കരെ നിങ്ങളെ കപടതയുടെ വാക്ചാതുരിയിൽ പെടുത്തിയിരിക്കുന്നത്.


എല്ലാ സത്യവും വെളിപ്പെടുന്ന ഒരു ദിവസമുണ്ടെന്ന് വിശ്വസിച്ചില്ലായിരുന്നു എങ്കിൽ ഞാനെത്ര തകർന്ന് പോകുമായിരുന്നു.

 പ്രതീക്ഷിക്കുന്നത്..

ഓരോ അടിയിലും

തളർന്നു

വീണു

തോറ്റു പോയി


എന്നാൽ യഥാർത്ഥത്തിൽ

ഓരോ അടിയിലും

ഉണർന്നു

എഴുന്നേറ്റു

കുതിക്കാനായി..

 തള്ളിയിടണം

എറിഞ്ഞിട്ട് നോക്കണം

കുതുകാല് വെക്കണം

എന്നിട്ടും വീണില്ലേൽ


കുഴി വെട്ടി മൂടണം

കുഴി വെട്ടി മൂടണം

'കണ്ണു വേണമിരുപുറമെപ്പോഴും

 കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും

ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ്'


കടമ്മനിട്ട കവിതയിലെ  വരികളിന്ന് മനസ്സുറപ്പിച്ച് വായിക്കേണ്ടത് അമ്മമാരാണ്.

ആണ്‍കുട്ടികളുടെ എന്നോ പെണ്‍കുട്ടികളുടെ എന്നോ വ്യത്യാസമില്ലാതെ ഓരോ അമ്മമാരും മനസ്സുറപ്പിച്ച് വായിക്കേണ്ട വരികള്‍. കാരണം ഇന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അത്രത്തോളമുണ്ട്. മക്കളുടെ മനസ്സിലെ ആധിയും വ്യാധിയും തിരിച്ചറിയാന്‍ ആദ്യം കഴിയേണ്ടത് അമ്മമാര്‍ക്കാണ്. അല്ലെങ്കില്‍ വിശ്വസ്തതയോടെ മനസ്സ് പങ്ക് വെയ്ക്കുവാന്‍ കഴിയേണ്ട ഒരു രക്ഷകര്‍ത്താവ് ഉണ്ടാവണം.


കുഞ്ഞുങ്ങളെ മാനസികമായോ ശാരീരികമായോ ദുരുപയോഗം ചെയ്യപ്പെടുന്നത് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണം. മുതിര്‍ന്ന ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വരുന്ന അപമാനം അത് അപമാനമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കേണ്ടത് ഓരോ രക്ഷകര്‍ത്താവിന്റെയും കടമകളില്‍ പെട്ടതാണ്. ഇത് എഴുതുമ്പോള്‍ ഓര്‍മ്മവരുന്നത് തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് മാതാപിതാക്കളോട് പറയാന്‍ കഴിയാതെ വിങ്ങിപ്പൊട്ടി വലിയ മാനസിക വ്യഥയോടെ വന്ന ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെയാണ്.


വര്‍ഷങ്ങള്‍ക്ക് മുന്നേ വീട്ടിലുള്ള ഒരാളില്‍ നിന്ന് നേരിട്ട അപമാനം അതൊരു അപമാനമാണെന്ന് തിരിച്ചറിയാന്‍ അവള്‍ക്ക് ഒരുപാട് കൊല്ലങ്ങള്‍ വേണ്ടി വന്നു. ആ തിരിച്ചറിവ് ആ പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്ത് കളഞ്ഞു. അവളുടെ സ്വഭാവത്തിലെ വ്യത്യാസം ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് ഗൗരവതരമായ പ്രശ്‌നങ്ങളിലേയ്ക്ക് എത്തി. അവളിലെ മാറ്റം മനസ്സിലാക്കി തുടങ്ങിയപ്പോഴേയ്ക്കും വൈകി പോയിരുന്നു. മനശാസ്ത്ര ചികിത്സയ്ക്ക് ശേഷം വന്ന ആ കുട്ടി അതുവരേയും ഉള്ളിലെ യഥാര്‍ത്ഥ വിഷമം ആരോടും പറഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ഒരു സെഷന് ശേഷമാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനത്തെ കുറിച്ച് തുറന്നുപറയാന്‍ അവള്‍ തയ്യാറായത്.


ചെറിയ പ്രായത്തില്‍ മുത്തശ്ശന്‍ മടിയിലിരുത്തി രഹസ്യഭാഗങ്ങളില്‍ സ്പര്‍ശ്ശിക്കുമായിരുന്നു. ഒന്നുമറിയാത്ത പ്രായമായതിനാല്‍ ആരും ഇതറിഞ്ഞിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ഇത്തരം കാര്യങ്ങളെ പറ്റി കേട്ടറിഞ്ഞപ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മയിലെത്തി. അന്ന് താന്‍ നേരിടേണ്ടി വന്നത് വലിയ തെറ്റായ ഒരു കാര്യമാണെന്ന് മനസ്സില്‍ തോന്നി. അതോടെ ആകെ തകര്‍ന്നു പോയി. അവളെ വേദനിപ്പിച്ച വ്യക്തി പക്ഷേ അവള്‍ക്ക് തിരിച്ചറിവായപ്പോഴേക്കും പരലോകത്ത് എത്തിയിരുന്നു. പക്ഷേ തനിക്ക് നേരിടേണ്ടി വന്നതിന്റെ വേദന അവളിലാഴത്തില്‍ പതിഞ്ഞിരുന്നു. ആകെ മാനസികമായി തളര്‍ന്നിരുന്ന അവളെ ഏറെ നേരം സംസാരിച്ച് മനസിന് ധൈര്യം നല്‍കി ചേര്‍ത്തു പിടിച്ചു.


കൃത്യമായ കൗണ്‍സിലിങ്ങും ഒപ്പം മുടക്കാതെ ചികിത്സയും കാരണം ആ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ച് വന്ന് മിടുക്കിയായി ഇരിക്കുന്നു. അവളൊരു വലിയ പാഠമായിരുന്നു. വിശ്വസിച്ച് മക്കളെ മറ്റൊരാളെ ഏല്‍പ്പിക്കുമ്പോള്‍, അതിനി സ്വന്തം കുടുംബാംഗമായാലും ശ്രദ്ധയുണ്ടാവണം എന്ന പാഠം. മുന്നിലെത്തുന്ന കുഞ്ഞുങ്ങളുടെ ഉള്ളിലെ നോവിന് കാരണം അപമാനിക്കപ്പെട്ടതിന്റെ മുറിവുണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് കേള്‍ക്കാനിരിക്കുന്നത്. കാരണം ഞാനുമൊരു അമ്മയാണല്ലോ.


ചിലപ്പോഴെല്ലാം മുഖമറിയാത്ത ഒരു പത്ത് വയസ്സുകാരി ഓര്‍മ്മയിലേയ്ക്ക് പാഞ്ഞടുക്കാറുണ്ട്.

സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന സ്വന്തം വീട്ടില്‍ ഏറെ സുരക്ഷിതമായി കാത്ത് വെയ്‌ക്കേണ്ട കൈകള്‍ അവളെ ഞെരിച്ചുടച്ചത് ഓര്‍ത്ത് കണ്ണ് നീറാറുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ കാലങ്ങളോളും അവളനുഭവിച്ച മരവിപ്പ് ഹൃദയത്തില്‍ അറിയാറുണ്ട്. ഒടുക്കം വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് നേരിട്ട അപമാനം തിരിച്ചറിഞ്ഞ അവളുടെ വേദന ഓര്‍ത്ത് ഉള്ള് പിടച്ച് പോകാറുണ്ട്. വര്‍ത്തമാനത്തിനിടയില്‍ ആര്‍ത്തലച്ച് പെയ്ത മഴ പോലെ അവള്‍ നിലവിളിച്ച് കരഞ്ഞതും ഒടുക്കം ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ച് നെറുകയില്‍ സ്‌നേഹമുദ്രണം തന്നതും മറവിലേയ്ക്ക് മാഞ്ഞ് പോകാതെ കാത്ത് വെച്ചിട്ടുണ്ട്.


കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട പാഠങ്ങളില്‍ Good Touch and Bad Touch നിര്‍ബന്ധമായും ഉണ്ടായിരിക്കട്ടെ.  കെ ജി തലം തൊട്ട് തന്നെ Good & Bad Touch പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. സ്ക്കൂളുകളിലെ കൗൺസിലിംഗിൻ്റെ ഗൗരവം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ശരിയും തെറ്റും അറിഞ്ഞും തിരുത്തിയും ജീവിതത്തിത്തെ ആത്മവിശ്വാസത്തോടെ നേരിടാനുറച്ച കുഞ്ഞുങ്ങളുണ്ട്. 


ശരിയല്ലാത്ത നോട്ടം തന്നിലേയ്ക്ക് പാറി വീഴുമ്പോൾ തിരിച്ചൊരു താക്കീതിൻ്റെ കൂർത്തനോട്ടമെറിയാൻ അവരുടെ ഉള്ളിലൊരു അഗ്നിയുണ്ടാവണം. ആണായാലും പെണ്ണായാലും നല്ലതല്ലാത്തൊരു സ്പർശം തിരിച്ചറിയാൻ അവർക്ക് കഴിയണം. അതിനെ തടയാൻ അവരുടെ കൈകൾക്ക് കരുത്തുണ്ടാവണം. 

ഓരോ മൗനവും വെറി കെട്ട മൃഗങ്ങൾക്ക് അവസരങ്ങളാണെന്ന്  നമ്മുടെ കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കണം. ഇരയാവാനെൻ്റെ കുഞ്ഞിനെ വിട്ട് കൊടുക്കില്ലെന്ന ദൃഢനിശ്ചയം രക്ഷിതാവിൻ്റെ ഉള്ളിലുണ്ടാവണം. 


നമ്മുടെ കുട്ടികൾ നല്ലതും ചീത്തയും അറിഞ്ഞ് തന്നെ വളരട്ടെ. പ്രതികരിക്കേണ്ട ഇടങ്ങളില്‍ മൗനത്തിന്റെ കനത്ത മുഖംമൂടി അവരിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കാതിരിക്കട്ടെ. 


 

🖋️ഷബാന നൂറുദ്ദീൻ

Shabana Nurudeen 

 സൗഹൃദം

 ദൂരെ എവിടെയോ നമ്മെക്കുറിച്ച് പുഞ്ചിരിയോടെ ഓർക്കുന്നവരുടേതാണ്,


 പ്രാർത്ഥനകളിൽ കൂടെ ചേർക്കുന്നവരുടേതാണ്,


 കണ്ടില്ലല്ലോ എന്ന് ആശങ്കപ്പെടുന്നവരുടേതാണ്,


 സങ്കടം നിറഞ്ഞ ഒരു വരി കുറിച്ചാൽ എന്ത് പറ്റിയെന്ന ചോദ്യവുമായി ഓടി എത്തുന്നവരുടേതാണ്, 


നിനക്ക് കഴിയും എന്ന ധൈര്യം പകർന്ന് കൂടെ നിൽക്കുന്നവരുടേതാണ്.


അതേ സൗഹൃദം സൗഭാഗ്യങ്ങളുടേതാണ്.

 നീയാണ് പറഞ്ഞത് നീ കടലും ഞാൻ പുഴയുമാണെന്ന് 

നിന്നിലേക്ക് എത്തിച്ചേരുന്ന സ്നേഹമാണ് ഞാനെന്ന്...

ഞാനറിഞ്ഞില്ല പ്രിയനേ

അനന്തമായ നിന്റെ സ്നേഹ സാഗരത്തിലേക്ക്

എനിക്കെത്തിച്ചേരാൻ ഒരിക്കലും കഴിയില്ല എന്ന്.


നിന്റെ സ്നേഹത്തിന്റെ ഉപ്പ് രുചിക്കാനും ആയിരം കടൽ കുഞ്ഞുങ്ങളെ പ്രസവിക്കാനും അനാദിയായ അത്ഭുത കാഴ്ച്ചകളുടെ വിസ്മയലോകം കൺനിറയെ കാണാനും നിന്റെ ഇണക്കവും പിണക്കവും കടലല പോലെ പുണരാനും കൊതിച്ചിരുന്നു


പക്ഷേ എത്ര പാഞ്ഞൊഴുകിയിട്ടും ഞാനവിടേയ്ക്ക് എത്തിച്ചേരുന്നില്ല.


ഞാനിങ്ങനെ കലങ്ങി മറിഞ്ഞും ഇടയ്ക്ക് മുറിഞ്ഞും വറ്റിവരണ്ടും പിന്നെയും പാഞ്ഞാർത്തും എത്തിച്ചേരാനൊരു കടലുണ്ടെന്ന് പോലും മറന്ന് പാറക്കൂട്ടങ്ങളെ തട്ടിത്തെറിപ്പിക്കാൻ കഴിയുമെന്ന് നിനച്ച് കുതിച്ചൊഴുകി എന്റേതായൊരു പാഥേയം തീർക്കയാണ്. 


എന്നെക്കാത്തൊരു കടൽ ബാക്കിയാണ്. 

ഞാനൊരിക്കലും വഴിതെറ്റിപ്പോലും എത്തിച്ചേരാൻ ഇടയില്ലാത്ത കടൽ


🖋shabana

 നിറകണ്ണുകളോടെ ലോകമെന്നെ യാത്രയാക്കുമ്പോൾ

നറുപുഞ്ചിരിയോടെ നീയെന്നെ സ്വീകരിക്കണം


മരുഭൂവിലെന്നപോൽ ഉള്ളം പൊള്ളിയടരുമ്പോൾ

മഴയായ് നീയെൻ്റെ ഉള്ളിൽ നിറയണം


അജ്ഞയുടെ ഇരുട്ടിൽ ഞാൻ പകച്ചു നിൽക്കുമ്പോൾ

അറിവായ് നീ എന്നിൽ പ്രകാശമാകണം


പ്രിയപ്പെട്ടതായ് ഞാൻ ചേർത്തതെന്നെ നൊമ്പരപ്പെടുത്തുമ്പോൾ

പ്രിയമായ് നീ എന്നുമുണ്ടെന്ന് ഓർമ്മപ്പെടുത്തണം.

 നീ ഒഴിവാക്കിയകലുമ്പോൾ മാത്രമാണ് എത്രത്തോളം ആഴത്തിൽ നീയെന്നിലുണ്ടെന്ന് തിരിച്ചറിയുന്നത്. കൂടെയുള്ള നേരം ഞാനതറിയാതിരിക്കാൻ നീയെന്ത് മന്ത്രമാണ് പ്രയോഗിച്ചിരുന്നത്.

 മടുത്തു എന്ന് പറഞ്ഞ് ഒടുക്കാൻ ആഗ്രഹിക്കുന്നിടത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ച് നടക്കാൻ വളരെ ചെറിയ ഒരു കാരണം മതി ❤️


ഒരു ചെറിയ പരിഗണന ,ഒരു നോട്ടം കൊണ്ടൊരു ചേർത്ത് പിടിക്കൽ ,കേൾക്കാൻ ഒരാളുണ്ട് എന്ന ആശ്വാസം,  നിന്നെ ഞാൻ കേൾക്കാം എന്ന ഒരു വാക്ക് മതി അത് മാത്രം മതി.


കാരണമില്ലാതെ കരയുന്നു ,വല്ലാത്ത ദേഷ്യം, സങ്കടം ഇതൊക്കെ കൊണ്ട് ജീവിതം മടുത്തത് പോലെ നിരാശപ്പെടുന്നവർ ഉണ്ട്. ഇത്തിരി നേരം ഒന്ന് കേൾക്കാനിരുന്നാൽ അവരിൽ നിന്ന് ഉതിർന്ന് വീഴുന്ന കണ്ണുനീരിന് ഹൃദയവ്യഥ്യയുടെ ചൂടുണ്ടാകും, ആത്മനൊമ്പരങ്ങളെ തേങ്ങലുകൾ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ടാവും. 


ആശ്വാസം തേടി മുന്നിലെത്തുന്ന ഓരേർത്തരിലും ഞാനെന്നെ തിരയാറുണ്ട്. എന്തിനാണ് കരയുന്നതെന്ന് പോലും മറന്ന് വെളുക്കുവോളം കരഞ്ഞിരുന്ന ഒരുവളെ.. വെറുതെ എന്നെ ഒന്ന് കേൾക്കു എന്ന് ഉള്ളിൽ നിലവിളിച്ചിരുന്ന ഒരുവളെ.. മരണത്തിൻ്റെ മാലാഖ തേടി വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഭീരുവായ ഒരുവളെ..


 അത് കൊണ്ട് മാത്രമാണ് നിസ്സാരമെന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞ പ്രശ്നങ്ങളെ എന്നിലേയ്ക്ക് പകരുമ്പോൾ ആ നീറ്റലെനിക്ക് അനുഭവിച്ചറിയാൻ കഴിയുന്നത്. 


ഒന്ന് കേൾക്കാനൊരാളുണ്ടായാൽ ഒന്ന് ചേർത്ത് പിടിച്ചാൽ ഒക്കെ അലിഞ്ഞ് ഇല്ലാതാവുന്ന വേദനകളാണ് പലപ്പോഴും  വിഷാദത്തിൻ്റെ വിഷം കുടിച്ച് പരിഹാരമില്ലാത്ത തീരാവേദനയാകുന്നത്. 


ഉള്ള് നീറി പുകയുമ്പോഴെങ്കിലും കേൾക്കാൻ തയ്യാറായ ഒരാളിലേയ്ക്ക് ആശ്വാസത്തിൻ്റെ തണുപ്പ് തേടുക .💙


വെറുതേ ഒന്ന് കേൾക്കൂ എന്ന് പറയാതെ പറയുന്നവരുടെ ഉള്ളം തണുപ്പിക്കുന്ന കേൾവിയാകുക.💜


🖋️ ഷബാന മഠത്തിൽ


 Shabana Nurudeen

 ഒന്ന് തളർന്നാൽ ആരും താങ്ങാവുന്നില്ലന്നറിഞ്ഞാൽ 

സ്വയം മരമാവുക


കരഞ്ഞ് തളർന്നാൽ കണ്ണീരൊപ്പാൻ ആളില്ലെന്നറിഞ്ഞാൽ 

കണ്ണിലെ വറ്റാത്ത കിണർ 

മൂടിയേക്കുക


എനിക്ക് നിന്നെ മനസ്സിലാവുന്നില്ലെന്ന്

 കേൾക്കും മുന്നേ 

സ്വയം അറിഞ്ഞെടുക്കുക. 


നമ്മുക്കുള്ളിലെ തീയുടെ ചൂടും

മുറിവിൻ്റെ ആഴവും മറ്റൊരാൾക്കും അനുഭവിച്ചറിയാൻ കഴിയില്ലെന്നറിയുക


സ്വയം നെരിപ്പോടാവാതെ

സ്വന്തം സ്വപ്നങ്ങളുടെ

 ചിറകു വിടർത്തി പറക്കുക...


🖋️ ഷബാന മഠത്തിൽ

Shabana Nurudeen

 നിനക്കെന്നോട് സ്നേഹമില്ലെന്ന് കളിവാക്ക് പറഞ്ഞപ്പോഴാണ് കൊള്ളിമീൻ പോലൊന്ന് നെഞ്ചിനുള്ളിൽ പാഞ്ഞ് പോകുന്നത് ഞാനറിഞ്ഞത്


വെറും വാക്കിലും നീയെനിക്കല്ലെന്ന ചിന്തയാണ് ചാരംമൂടിയ നോവെല്ലാം വീണ്ടും ആളിപ്പടർന്നത് ഉള്ളം പൊള്ളിയത്.


തമാശയാണെന്ന് നിനക്കറിയുന്നത് കൊണ്ടാണ് നിൻ്റെ ചുണ്ടിലൊരു കുഞ്ഞു പുഞ്ചിരി തത്തിക്കളിച്ചത്


തമാശയായ് പോലുമത് ചിന്തിക്കാനാവാത്തത് കൊണ്ടാണ് എൻ്റെ കണ്ണിലൊരു നിർത്തിളക്കമുണ്ടായത്


നിനക്കൊരിക്കലും ഞാൻ നിന്നെ ഭ്രാന്തമായ് പ്രണയിക്കുന്നത് പോലെ പ്രണയിക്കാനാവില്ലെന്നറിയാം എങ്കിലും


നിൻ്റെ ഹൃദയം നിറയെ ഞാനാണെന്നൊരു പൊയ് വാക്ക് പറഞ്ഞേക്കുക..

ഞാനൊന്ന് തണുക്കട്ടെ 


🖋️ഷബാന മഠത്തിൽ

 സ്നേഹം ഈശ്വര സൃഷ്ടിയും വെറുപ്പ് മനുഷ്യ സൃഷ്ടിയുമാകും 

അതല്ലേ സ്നേഹത്തിന് നൂറ് ഭാവങ്ങളും വെറുപ്പിന് ഒരൊറ്റ ഭാവവും 


സ്നേഹിക്കാൻ ഒരു പാട് വഴികളുണ്ടായാലും വെറുപ്പിന്റെ ഒരു വാക്കിൽ വേദനിക്കുന്നത് 


സ്നേഹം നിറഞ്ഞ് നിൽക്കുന്നിടത്ത് വെറുപ്പ് വഴിമാറി പോകുന്നത്. 


സ്നേഹം തുളുമ്പിയ ഹൃദയം വെറുപ്പിനെ നിസ്സാരമാക്കുന്നത്.      


സ്നേഹം സർവ്വേശ്വരൻ ഹൃദയം നിറച്ച് നൽകട്ടെ. വെറുപ്പ് പടർത്തുന്ന മനുഷ്യർ ഹൃദയത്തിൽ നിന്ന് പടിയിറങ്ങട്ടെ..


🖋️ ഷബാന മഠത്തിൽ

പ്രണയിനി

 പ്രണയത്തിലായ ഒരുവളുടെ കണ്ണുകളിൽ ഒരു പ്രകാശമുണ്ട്


ഇരുളിൽ തണുപ്പിൽ ഏകാന്തതകളിലെല്ലാം അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ട്


എപ്പോഴും ഒരു ഗൂഢ സ്മിതം ആ ചൊടികളിൽ മറഞ്ഞിരിക്കുന്നുണ്ട്


പ്രാണനോട് സംസാരിക്കുമ്പോഴെല്ലാം തൻ്റെ ഉള്ളിലിത്രയും ഓർമ്മകളുടെ ചെപ്പ് സൂക്ഷിച്ചിരുന്നുവോ എന്നവൾ അത്ഭുതപ്പെടാറുണ്ട്


പറഞ്ഞ് തീരാത്ത വിശേഷങ്ങളും ഓർമ്മകളും ഒഴിവ് നേരങ്ങളിൽ പൊടി തട്ടി വെയ്ക്കാറുണ്ട്


ഒറ്റയ്ക്കിരിക്കാനായ് അവൾ കാത്തിരിക്കാറുണ്ട്

ഒറ്റനേരങ്ങളിലവൾക്ക് സല്ലാപങ്ങളേറെയുണ്ട്


നിങ്ങളറിയുന്നില്ലല്ലോ അത് ഉന്മാദമല്ല ഭക്തിയല്ല പ്രണയമെന്ന മാന്ത്രികതയാണെന്ന്


കാണാൻ കഴിയാത്തൊന്നിനെ തിരിച്ചറിയാൻ നിങ്ങൾക്കറിയാത്തത് കൊണ്ട് മാത്രമാണവളുടെ ലോകത്തെ അളക്കാൻ കഴിയാത്തതെന്ന് ♥️


🖋️ഷബാന മഠത്തിൽ

 വാക്കിൻ മുനകളെക്കാൾ ആഴത്തിൽ ഹൃദയത്തെ മുറിവേൽപ്പിക്കാൻ മറ്റൊന്നിനും ആവില്ല


മാഞ്ഞ് പോയെന്നും മറന്നുവെന്നും കരുതും പക്ഷേ ഓർമ്മയുടെ ഇളം കാറ്റിന് പോലും മുറിവിനെ പൊള്ളിക്കുവാനാകും


എയ്തിടും മുന്നേ വാക്കിൻ മുന നോക്കുക കൂരമ്പ് പോലൊരു ഹൃദയത്തെയും അത് കീറി പൊളിക്കാതിരിക്കട്ടെ

 ഓർമ്മയുടെ കടന്നൽക്കൂട്ടത്തിലേയ്ക്ക് കല്ലെടുത്ത് എറിയും പോലെ ചില വാക്കുകൾ..

മൂളിയും കുത്തിയും എരിച്ച് നോവിച്ച് പറന്ന് പോയാലും പിന്നെയും ഉള്ളിലെ നോവറകളിലേയ്ക്കവ പറന്നിറങ്ങും🐝

പുഴപ്പെണ്ണ്

 പുഴയോട് അവൾക്ക് പ്രണയമായിരുന്നു


പുഴയരികിലെ വീട്ടിലെ ചെക്കൻ പെണ്ണ് കാണാനെത്തിയപ്പോൾ

അത് നടക്കാൻ നേർച്ചയിട്ടത് പുഴ കാണാൻ കൊതിച്ചിട്ടാണ്


നാട്ടിലെ പെണ്ണുങ്ങൾ അലക്കാനും കുളിക്കാനും പുഴയിലേയ്ക്ക് പോകുമ്പോഴും കാണാൻ കൊതിച്ച പുഴയിലവൾ ഇറങ്ങാതെ കടവത്തിരുന്നു പുഴയോട് കഥ പറഞ്ഞു


അവളുടെ പൊന്നിൻ്റെ തൂക്കം കുറയുന്നതും അവളുടെ ഉടൽ മെലിഞ്ഞുണങ്ങുന്നതും കൺതടങ്ങളിലെ കറുപ്പ് പടരുന്നതും പുഴയറിഞ്ഞിട്ടും മിണ്ടാതൊഴുകി


കുളി കഴിഞ്ഞ് ക്ലാവ് മണക്കുന്ന താലി അണിയാനെടുത്തപ്പോഴാണ് അവൻ അവളെ വിഴുപ്പലക്കാൻ  കൂട്ട് വിളിച്ചത്


ഉച്ചമയങ്ങുന്ന നേരം ഇളം ചൂടുള്ള

മണൽത്തട്ടിലെ പൂഴിയിൽ പുഴയിലേയ്ക്ക് മിഴിനട്ടിരിക്കുമ്പോഴാണ് തൻ്റെ ഉള്ളിലും ഒരു പുഴയൊഴുകുന്നുണ്ടെന്നവൾ  കണ്ടുപിടിച്ചത് 


ഒഴുകിപ്പോയ തുണിയെടുക്കാനവളെ വിളിച്ചപ്പോൾ പുഴയെ പേടിയാണെന്നവൾ മറന്നു പോയി

അന്നേരം പുഴയിലെ തിളക്കം പ്രണയമാണെന്നവൾക്ക് തോന്നി.


അടിത്തട്ടിലെ മാണിക്യം കാണിക്കാൻ കൂട്ടിക്കൊണ്ട് പോയ പുഴ അവളുടെ വയറ് വീർപ്പിച്ചത് മച്ചിയെന്ന് വിളിച്ച പെണ്ണുങ്ങളെയെല്ലാം കാണിക്കാൻ അവള് തിടുക്കപ്പെട്ടു


പതിവ് തെറ്റിച്ച് മൂന്നാം നാളും പുഴയവളെ വിട്ട് പിരിഞ്ഞില്ല 

എന്നേക്കുമായവൾക്ക് മാത്രമായി കൊട്ടാരം പണിയുന്ന തിരക്കിലായിരുന്നത്രേ പുഴ


പ്രണയസ്മാരകമാക്കാൻ..


🖋️ ഷബാന മഠത്തിൽ

 ഓരോ പ്രതിസന്ധികൾക്ക് ശേഷവും എത്ര സുന്ദരമായാണ് അതിനൊരു പരിഹാരം നൽകുന്നത്. 

പ്രയാസങ്ങൾക്കും വേദനകൾക്കും ശേഷമൊരുക്കി വെച്ചതെന്തെന്ന് നേരത്തേ അറിയുമെങ്കിൽ നാമതിനെ ഹൃദയപൂർവ്വം സ്വീകരിച്ചിരുന്നേനേ.

 പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ ചേരുന്നവരാണ് കളങ്കമില്ലാതെ സ്നേഹിക്കുന്നത്. ആ സമയങ്ങളിൽ മാത്രം ഒഴിവാക്കുന്നവരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്.

 എൻ്റെ മരണക്കുറിപ്പിൽ നീ രണ്ട് വരി കുറിക്കണം

നിൻ്റെ കവിതയുടെ ചുംബനമേറ്റ് പിടഞ്ഞ് യാത്രയാവണം